Goverment of Kerala
Official Web Portal
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഭദ്രകാളി ക്ഷേത്രമായ ശാർക്കര ദേവി ക്ഷേത്രം . തെക്കൻ തിരുവിതാംകൂറിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണിത് . ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽ കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണചുമതയിലാണ് ഈ ക്ഷേത്രം. പഞ്ചപ്രാകാര വിധിയിലാണ് ക്ഷേത്ര നിർമ്മാണം.വടക്കോട്ട് ദർശനം എന്ന രീതിയിലുള്ള പ്രതിഷ്‌ഠ ശാന്തസ്വരൂപിണിയായ ഭദ്രകാളിദേവിയെ വാൽക്കണ്ണാടി ശിലയിൽ വടക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു . ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം നെടുമ്പള്ളി തരണനെല്ലൂർ മനക്കാണ്
Sarkara-Chirayinkeezhu Village Office is located in Thiruvananthapuram, Kerala
ഐതിഹ്യം ഈശ്വര ചൈതന്യത്തെ മാംസ ചക്ഷുസ്സു കൊണ്ട് കാണാമായിരുന്ന വില്വമംഗലത് സ്വാമിയാർ തന്റെ ആരാധ്യ ദേവനായ ഭഗവാൻ വിഷ്ണുവിനെ തേടി അനന്തൻ കാട്ടിലേക്ക് പോകുംവഴി ശാർക്കര പ്രദേശമായ ചക്കിയമ്മത്തു എത്തിച്ചേരുകയും അവിടെ പുലയകുട്ടികൾക്കൊപ്പം ദേവിചൈതന്യം നിറഞ്ഞ ഒരു ബാലിക കളിക്കുന്നത് ദർശിക്കുക ഉണ്ടായി. സ്വാമിയാരുടെ ദർശന മാത്രയിൽ ബാലിക അവിടെ നിന്ന് മറഞ്ഞു. ഈ സമയം പറവൂറിൽ നിന്നും ആലങ്ങാട്ടു നിന്നുമുള്ള ശർക്കര വ്യാപാരികൾ സമീപ പ്രദേശത്തുള്ള വഴിയമ്പലത്തിൽ ശർക്കര കുടങ്ങൾ ഇറക്കി വിശ്രമിക്കുകയായിരുന്നു. വിശ്രമം കഴിഞ്ഞു യാത്ര തുടരുന്ന വേളയിൽ വ്യാപാരികൾക്ക് ഒരു കുടം മാത്രം ഉയർത്തുവാൻ സാധിച്ചില്ല. പ്രശ്ന പരിഹാരത്തിനായി അവർ സ്വാമിയാരെ സമീപിച്ചു. ശർക്കര കുടത്തിലെ ദേവി ചൈതന്യം മനസ്സിലാക്കിയ സ്വാമിയാർ ഇതൊരു പുണ്യ സങ്കേതം എന്ന കല്പിക്കുകയും ദേവിയെ പ്രതിഷ്‌ഠിക്കുകയും ചെയ്തു.
ദേവിയുടെ തിരുനാളായി ആഘോഷിക്കുന്ന മീനഭരണി മഹോത്സവം പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാവർഷവും മീനമാസത്തിലെ ഭരണി നാളിൽ ആഘോഷിക്കുന്നു.മീനമാസത്തിലെ പൂരാടം നാളിൽ തൃക്കൊടിയേറുന്നതോടെ ദേവിയുടെ തിരുന്നാൾ മഹോത്സവം ആരംഭിക്കുന്നു. തിരു ഉത്സവത്തിന്റെ നാലാം നാൾ മുതൽ തൂക്കവൃതക്കാർ ക്ഷേത്രത്തിൽ വൃതം നോറ്റ് ദേവിയുടെ ഇഷ്‌ട വഴിപാടായ ഗരുഡൻ തൂക്കം കഴിയുന്നതുവരെ ദേവിയെ മനസ്സിൽ ധ്യാനിച്ചും പൂജാകാര്യങ്ങളിൽ സഹായിച്ചും, ദേവിക്ക് വിവിധ കാര്യങ്ങളിൽ അകമ്പടി സേവിച്ചും ക്ഷേത്രത്തിൽ കഴിയുന്നു. ഉത്സവ ചടങ്ങുകളിൽ ഏറ്റവും പ്രധാന്യമേറിയ ഉത്സവബലി ആറാം തിരുഉത്സവ നാളിൽ നടത്തിവരുന്നു. ഒൻപതാം ഉത്സവനാളായ അശ്വതി ദിനത്തിൽ വൈകുന്നേരം വിവിധ കരക്കാരുടെ ഉരുൾ ഘോഷയാത്രയിൽ അകമ്പടി സേവിക്കുന്ന കലാകാരന്മാരുടെ വാദ്യഘോഷങ്ങൾ ആനക്കൊട്ടിലിൽ അരങ്ങേറുന്നു. തെക്കേ ഇന്ത്യയിലെ പ്രശസ്തരായ കലാകാരൻമാർ ഇതിൽ പങ്കെടുക്കുന്നു. തൂക്ക വൃതക്കാരുടെ അമ്മയെ കാണൽ, പള്ളിവേട്ട തുടങ്ങിയ ചടങ്ങുകളും അശ്വതി ദിനത്തിൽ നടന്നു വരുന്നു.